Kerala
തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ പ്രതികളായ രണ്ടു മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവൻ ക്രെഡിറ്റും ഹൈക്കോടതിക്കാണെന്ന് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
കോടതിയുടെ മേൽനോട്ടമില്ലായിരുന്നെങ്കിൽ മൂന്നോ നാലോ ചെറുകിടക്കാരെ അറസ്റ്റ് ചെയ്ത് കേസ് അവസാനിച്ചേനെ. ഈ അന്വേഷണം ഇതുവരെ നിഷ്പക്ഷമായി നടക്കുന്നത് കോടതിയുടെ കൃത്യമായ ഇടപെടൽകൊണ്ടു മാത്രമാണ്. സിപിഎമ്മിന്റെ രണ്ടു പ്രധാനപ്പെട്ട നേതാക്കൾ ശബരിമലയിൽ നിന്നു സ്വർണം മോഷ്ടിച്ച കേസിൽ ജയിലിൽ പോയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് ദുരൂഹമാണ്.
ഇനി മന്ത്രിമാരുടെ ഊഴമാണ്. മുൻ ദേവസ്വം ബോർഡ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്കാണ് കുരുക്ക് നീങ്ങുന്നത് എന്നാണ് മാധ്യമവാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. ഇനി മന്ത്രിമാർ ജയിലിൽ പോകുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം.
കേരളചരിത്രത്തിൽ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. സ്വർണം കാണുന്പോൾ ഈ സിപിഎം നേതാക്കന്മാരുടെ കണ്ണ് മഞ്ഞളിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വർണ കള്ളക്കടത്തായിരുന്നെങ്കിൽ രണ്ടാം പിണറായി ഗവണ്മെന്റിന്റെ കാലത്ത് ശബരിമലയിലെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണം അടിച്ചുമാറ്റുകയാണ്. ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെ കൂടി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രാഷ്ട്രീയ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയെന്നു സൂചന.
കേസിലെ മുഖ്യ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുന്നിലെത്തിയതെന്നാണ് ദേവസ്വം പ്രസിഡന്റായിരുന്ന എ. പത്മകുമാറിന്റെ മൊഴി.
സർക്കാർ അനുമതിയോടെയാണ് കട്ടിളപാളികൾ കൊടുത്തുവിടുന്നതെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതോടെ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴിയും അന്വേഷണ സംഘത്തിനു ശേഖരിക്കേണ്ടി വരും.
ദൈവതുല്യരായി കാണുന്നവരാണ് കൊള്ളയ്ക്കു പിന്നിലെന്നു പത്മകുമാർ നേരത്തേ വെളിപ്പെടുത്തിയിരുന്നു.കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി വഴി കൊടുത്തു വിടാൻ തീരുമാനിച്ചത് ഉദ്യോഗസ്ഥർ നൽകിയ രേഖകളുടെ അടിസ്ഥാനത്തിലാണ്. അന്നു ദേവസ്വം കമ്മീഷണറായിരുന്ന ഭരണ നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തുന്ന എൻ. വാസു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
പോറ്റിയുമായി ബോർഡ് ആസ്ഥാനത്തും ആറന്മുളയിലെ വീട്ടിലുമടക്കം പലവട്ടം പത്മകുമാർ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിരുന്നു. പോറ്റിയുമായി ചേർന്നുള്ള ഭൂമി ഇടപാടുകളുടെ ചില രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് മുൻ ദേവസ്വം കമ്മീഷണർ എൻ.വാസു അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നത്.
സ്വർണം പൂശാനായി കൊണ്ടുപോയതു തന്റെ അറിവോടെയായിരുന്നില്ലെന്നും സ്വർണപ്പാളി ചെമ്പുപാളിയാണെന്നു മാറ്റിയെഴുതിയതിനെക്കുറിച്ച് ഓർക്കുന്നില്ലെന്നുമായിരുന്നു വാസുവിന്റെ മൊഴി.
സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവും റിമാൻഡിൽ തുടരുന്നതിനിടെയാണ് വാസുവിന്റെ നിർണായക അറസ്റ്റ്.
ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി രണ്ടാഴ്ച മാത്രം ശേഷിക്കേ പരമാവധി ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാനാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമം.
കേസിലെ ഉന്നതനായി വിലയിരുത്തപ്പെടുന്ന വാസുവിന് സിപിഎമ്മുമായി സുദീർഘ ബന്ധമാണുള്ളത്. കൊല്ലം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച എൻ. വാസു മുൻമന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡ് കമ്മീഷണറായി രണ്ടു തവണ സേവനമനുഷ്ഠിച്ച വാസു പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ സുഭാഷ് കപൂർ ആരാണെന്നു കണ്ടെത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്.
സുഭാഷ് കപൂറിനെപ്പോലെയുള്ള കുപ്രസിദ്ധ അന്താരാഷ്ട്ര ക്ഷേത്രകലാ കൊള്ളക്കാരന്റെ പ്രവർത്തനങ്ങളോട് സാമ്യമുള്ള രീതിയിലാണ് ശബരിമല സ്വർണക്കൊള്ളയും നടന്നിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുള്ളത്. അതിനാൽ ശബരിമലയിലെ ‘സുഭാഷ് കപൂർ’ ആരാണെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഏതാനും ഉദ്യോഗസ്ഥരിൽ മാത്രമേ അന്വേഷണം എത്തിയിട്ടുള്ളൂ. ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിലവിലുള്ള ബോർഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതി വിധിയിൽത്തന്നെ വ്യക്തമാണ്.
ദേവസ്വംബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, മന്ത്രി എന്നിവർ ഉൾപ്പെട്ട സംഘടിത കൊള്ളയിലേക്ക് അന്വേഷണം എത്താത്ത പശ്ചാത്തലത്തിലാണ് ശബരിമല സ്വർണക്കൊള്ളയിൽ മുഴുവൻ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെ പത്തിന് ആശാൻ സ്ക്വയറിൽനിന്ന് സെക്രട്ടേറിയറ്റ് മാർച്ച് ആരംഭിക്കും.സെക്രട്ടേറിയറ്റ് ധർണ രാവിലെ 11ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോണ്ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്, മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരൻ, എം.എം. ഹസൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, കെ.എസ്. ഗോപകുമാർ, ആർ. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി. ഇന്നലെ രാവിലെയാണ് അഞ്ചംഗസംഘം സന്നിധാനത്തെത്തിയത്.
മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് സൂചന. കട്ടിളപ്പാളി കവർന്ന കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ വാസുവിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി തെളിവ് ശേഖരിക്കാൻ ലക്ഷ്യമിട്ടാണ് സംഘമെത്തിയത്.
പരമാവധി തെളിവുകൾ ശേഖരിച്ചശേഷം വാസുവിനെ അറസ്റ്റിലേക്ക് നീങ്ങാനാണ് തീരുമാനമെന്നാണ് വിവരം. സംഘം സ്ട്രോംഗ് റൂമിലും പരിശോധന നടത്തി. ശ്രീകോവിൽ വാതിൽ നിർമാണത്തിലും ഹൈ ക്കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിനെയും സംഘം ഉടൻ ചോദ്യം ചെയ് തേ ക്കും. ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ ചോദ്യം ചെയ്തിരുന്നു. എ.പദ്മകുമാർ പ്രസിഡന്റായ ബോർഡിൽ അംഗമായിരുന്നു വിജയകുമാർ.